District News
തീക്കോയി: തീക്കോയിയിലെ നവജാത ശിശുക്കളുടെ വിൽപ്പന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയായ രാജയുടെ പങ്കാളി അപർണയാണ് പിടിയിലായത്. അപർണയ്ക്ക് കേസിൽ കൃത്യമായ പങ്കുള്ളതായി പോലീസ് പറഞ്ഞു. കേസിലെ നാലാം പ്രതിയും കൊല്ലം സ്വദേശിനിയുമായ അനീനയുമായി ബന്ധപ്പെട്ടിരുന്നത് അപർണയാണ്. കേസിലെ മൂന്നാം പ്രതിയാണ് അപർണ.
District News
തലശേരി: അന്തർസംസ്ഥാന രാസലഹരി വിപണന സംഘത്തിന് സാമ്പത്തിക ഇടപാടുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ വിൽക്കുന്ന റാക്കറ്റിലെ പ്രധാനകണ്ണി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. എറണാകുളം പള്ളുരുത്തി ഇല്ലത്ത് നഗറിലെ കെ.എം. റിഷാദ് (42), കാസർഗോഡ് മൊഗ്രാലിലെ അബ്ദുൾ റഹ്മാൻ (39) എന്നിവരെ തലശേരി പോലീസ് ബംഗളൂരുവിൽനിന്നും മുഹമ്മദ് തമീം എന്നയാളെ ഹരിയാന പോലീസ് ഡൽഹിയിൽ നിന്നുമാണ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശേരി എഎസ്പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിൽ നടത്തിയ അന്വഷണത്തിലാണ് ബാങ്ക് അക്കൗണ്ട് വില്പന സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരികയും മൂന്നുപേർ അറസ്റ്റിലാകുകയും ചെയ്തത്.
ബംഗളൂരു മഡ്വാളയിൽ നടത്തിയ മിന്നൽ റെയ്ഡിൽ പിടിയിലായ രണ്ടുപേരെയും ഇന്നലെ രാവിലെ തലശേരിയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തു. ഡൽഹിയിൽ നിന്ന് പിടികൂടിയ പ്രതിയുടെ അറസ്റ്റ് ഹരിയാന പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ തലശേരി പോലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങും. പ്രതികളുടെ മഡ്വാളയിലെ മുറിയിൽനിന്ന് വ്യാജ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, വ്യാജ സർട്ടിഫിക്കറ്റുകൾ, ജോബ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തുടങ്ങി നിരവധി രേഖകളും പോലീസ് കണ്ടെടുത്തു.
ബാങ്ക് അക്കൗണ്ട് എടുക്കാനും രാസലഹരി കടത്താനും എല്ലാ സംവിധാനങ്ങളും ഒരുക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. മരിച്ചവരുടെ പേരുകളിലും സംഘം വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറന്നിടുണ്ട്. ഏത് സംസ്ഥാനത്തും ബാങ്ക് അക്കൗണ്ടുകൾ എടുത്ത് വിൽക്കാൻ സംവിധാനമുള്ള ഈ സംഘത്തിലെ മറ്റ് കണ്ണികൾക്കായി വിവിധ നഗരങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
District News
പെരുമ്പാവൂർ: വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ അഞ്ചു പേർ ഓപ്പറേഷൻ സ്റ്റീൽ ബേർഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പോലീസിന്റെ പിടിയിലായി. കാലടി മറ്റൂർ സ്വദേശികളായ കല്ലുങ്ങൽ അലക്സ് (24), ഐശ്വര്യ നഗറിൽ കൈതാരത്ത് അമോസ് ബാബു (27), ആന്റോപുരം സ്വദേശികളായ പടയത്ത്കുടി അമൽ (27), പാലൈക്കപ്പാടം ബിബിൻ (30), പാറമാലിൽ വീട്ടിൽ രാഹുൽ (28) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്കലിൽ സ്വദേശിയുടെ കല്യാണ റിസപ്ഷന് വന്ന ഒരു യുവാവിനെ തിരക്കിയാണ് അക്രമി സംഘം എത്തിയത്. തുടർന്ന് ആയുധം ഉപയോഗിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് സംഘം ഒളിവിൽ പോയി. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
അലക്സ് കാലടി സ്റ്റേഷനിൽ മൂന്ന് കേസുകളിൽ പ്രതിയാണ്. അമോസിനെതിരെ കാലടി, നെടുമ്പാശേരി സ്റ്റേഷനുകളിലായി നാലു കേസുകളുണ്ട്. അമലിനും ബിപിനുമെതിരെ പെരുമ്പാവൂർ സ്റ്റേഷനിൽ ഓരോ കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ക്രിമിനലുകൾക്കെതിരെയുള്ള നടപടിയാണ് ഓപ്പറേഷൻ സ്റ്റീൽ ബേർഡ്. കഴിഞ്ഞ മാർച്ചിൽ ആണ് ഓപ്പറേഷൻ ആരംഭിച്ചത്. ഇതുവരെ 30ഓളം ക്രിമിനുകൾക്കെതിരെ നടപടി സ്വീകരിച്ചു. പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, ആദർശ്, സുഭാഷ് തങ്കപ്പൻ, സീനിയർ സിപിഒമാരായ സിജോ പോൾ, ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
District News
പേരൂര്‍ക്കട: നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയെ പൂജപ്പുര പൊലീസ് പിടികൂടി. തിരുവനന്തപുരം മൊട്ടമൂട് വാഴോട്ടുകോണം കിഴക്കുംകര പുത്തന്‍വീട്ടില്‍ മൊട്ടമൂട് രാജേഷ് (49) ആണ് പിടിയിലായത്. പൂജപ്പുര സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ഒരു യുവതിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജസ്റ്റിന് രാജ്, രാജേഷ്കുമാര്‍, അല്അമീന് തുടങ്ങിയ നിരവധി പേരുകളില്‍ ഇയാള്‍ അറിയപ്പെടുന്നുണ്ട്. കാപ്പ ആക്ടില്‍ ഉള്‍പ്പെട്ടുള്ള ഇയാള്‍ക്കെതിരേ പിടിച്ചുപറി, വഞ്ചന തുടങ്ങിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
District News
തൊടുപുഴ: ലഹരിക്കെതിരേ സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതി വഴി ബുധനാഴ്ച വരെ ഇടുക്കി ജില്ലയിൽ നടന്നത് 5,366 റെയ്ഡുകൾ. 195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോൾ 207 പേര് അറസ്റ്റിലായി. 13.493 കിലോ കഞ്ചാവും 6.67 ഗ്രാം എംഡിഎംഎയും എട്ട് ഗ്രാം ഹാഷിഷ് ഓയിലും 94 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. വിവിധയിടങ്ങളിൽ കണ്ടെത്തിയ 10 കഞ്ചാവ് ചെടികളും അധികൃതർ നശിപ്പിച്ചു. ജില്ലയിൽ പോലീസിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും ഊര്‍ജിതമായി നടക്കുകയാണ്.
എക്സൈസ് പദ്ധതിയായ ഓപ്പറേഷന് തണ്ടര്‍ വഴി ജില്ലയില്‍ 88 എന്‍ഡിപിഎസ് കേസുകൾ രജിസ്റ്റര്‍ ചെയ്തു. 80 പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് - 959 ഗ്രാം, കഞ്ചാവ് ചെടി- 21 എണ്ണം, എംഡിഎംഎ - 0.29 ഗ്രാം, ചരസ് - രണ്ട് ഗ്രാം, കഞ്ചാവ് മിഠായി-315 ഗ്രാം, കോട - 70 ലിറ്റർ, ചാരായം- രണ്ട് ലിറ്റർ, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം - 307.185 ലിറ്റര്‍ എന്നിവ പിടിച്ചെടുത്തു.
92 അബ്കാരി കേസുകളും നിരോധിത പുകയില ഉത്പന്ന വില്‍പ്പന, ഉപയോഗം, പൊതുസ്ഥലത്തെ പുകവലി എന്നിവയുമായി ബന്ധപ്പെട്ട് 495 കോട്പ കേസുകളും ഒരു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തു. അബ്കാരി കേസുകളില്‍ 92 പേർ അറസ്റ്റിലായി.
ജില്ലയുടെ വിവിധ മേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും എക്സൈസ്-പോലീസ് പട്രോളിംഗും വാഹനപരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്കൂള്‍ -കോളജ് പരിസരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ ശക്തമാണ്.
ലഹരിവിരുദ്ധ ദിനാചരണം ഇന്ന്
ഇടുക്കി: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് വിപുലമായ പരിപാടികള്‍. തൊടുപുഴ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ന്യൂമാന്‍ കോളജില്‍ ലഹരിവിരുദ്ധ ബോധവത്കരണ സദസ് ഉച്ചകഴിഞ്ഞ് രണ്ടിന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തും. നടന് ആസിഫ് അലി വിശിഷ്ടാതിഥിയാകും. തൊടുപുഴ മങ്ങാട്ടുകവല ബസ്സ്റ്റാന്‍ഡില്‍നിന്ന് ന്യൂമാന്‍ കോളജിലേക്ക് ലഹരിവിരുദ്ധ സന്ദേശ റാലിയും നടക്കും.
മൂന്നാറില്‍ രാവിലെ 11.30ന് ലഹരിവിരുദ്ധ റാലിയും തുടര്‍ന്ന് യോഗവും നടക്കും. എഫ്. രാജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കുട്ടിക്കാനം മരിയന്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരിവിരുദ്ധ അവബോധ ക്ലാസ് രാവിലെ 10ന് സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കട്ടപ്പന, ഇടുക്കി എന്നിവിടങ്ങളില്‍ ബൈക്ക് റാലി, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും.
വീര്യം കുറഞ്ഞ മദ്യവില്പന അനുവദിക്കരുത്: മദ്യലഹരിവിരുദ്ധ സമിതി
കോതമംഗലം: പുതുതലമുറയെ ലഹരിയിലേക്ക് ആകര്‍ഷിക്കുന്നതിനു കാരണമാകുന്ന വീര്യംകുറഞ്ഞ മദ്യവില്‍പ്പന നടത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ ഇതില്‍നിന്നു പിന്മാറണമെന്നും കെസിബിസി മദ്യവിരുദ്ധസമിതി കോതമംഗലം രൂപതാ സമിതി ആവശ്യപ്പെട്ടു.
ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന തൂഫാന്, തണ്ടര്‍ പദ്ധതികള്‍ പരാജയപ്പെടുന്നതിന് ഇതു കാരണമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
രൂപത ഡയറക്ടര്‍ ഫാ. ജയിംസ് ഐക്കരമറ്റം യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണി കണ്ണാടന്‍, ജോയ്സ് മുകുടം, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, ജോബി ജോസഫ്, ജോയി പടയാട്ടില്‍, ബിജു വെട്ടിക്കുഴ, സുനില്‍ സോമന്, സിജോ കൊട്ടാരത്തില്‍, ജോമോന് ജേക്കബ്, മാര്ട്ടിന് കീഴേമാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.